കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യോജിച്ച് മൽസരിച്ച കോൺഗ്രസ്, സി.പിഎം അനുകൂല സംഘടനകൾക്ക് മുഴുവൻ സീറ്റിലും വിജയം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് അനുകൂല സംഘടനയായ ലോയേഴ്സ് കോൺഗ്രസും സിപിഎം അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് യൂണിയനും ധാരണയിൽ മത്സരിച്ചാണ് 15 സീറ്റുകളും നേടിയത്.ബിജെപി നിയന്ത്രണത്തിലുള്ള അഭിഭാഷക പരിഷത്ത് തനിച്ച് മത്സരിച്ചെങ്കിലും ഒരു സീറ്റും ലഭിച്ചില്ല. എന്നാൽ അഭിഭാഷക പരിഷത്ത് അവരുടെ അംഗബലത്തെക്കാട് കൂടുതൽ വോട്ട് പിടിച്ചു. സി.പി.എം, കോൺഗ്രസ് അനുകൂല സംഘടനയിൽ നിന്നും ബിജെപി അനുകൂല ലോയേഴ്സ് പരിഷത്തിലേക്ക് വൻതോതിൽ വോട്ട് ചോർച്ചയുണ്ടായാതായാണ് ഇത് സൂചിപ്പിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ച ലോയേഴ്സ് കോൺഗ്രസിലെ പി. നാരായണൻ 150 വോട്ട് നേടിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ച ലോയേഴ്സ് യൂണിയനിലെ പി. എൻ. വിനോദ് 127 വോട്ട് നേടിയും വിജയിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിച്ച ലോയേഴ്സ് കോൺഗ്രസിലെ കെ. എൽ.മാത്യു 169വോട്ട് നേടി വിജയിച്ചു. ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളായ പി.കെ. സതീശൻ ട്രഷറർ സ്ഥാനത്തേക്കും നസീമ ജോ. സെക്രട്ടറി സ്ഥാനത്തേക്കും വിജയിച്ചു. ജൂനിയർ എക്സിക്യൂട്ടിവിലേക്ക് മൽസരിച്ച ലോയേഴ്സ് കോൺഗ്രസിലെ കെ.എസ്. അഖിൽ വിജയിച്ചു. 10 വർഷത്തിനും 30 വർഷത്തിനിടയിൽ പ്രാക്ടീസുള്ള വരിലേക്ക് മൽസരിച്ച സിപിഎം അനുകൂല സംഘടനയിലെ ദിലീഷ് കുമാർ, പി.വൈ. അജയൻ, ലോയേഴ്സ് കോൺഗ്രസിലെ പുരുഷോത്തമനും മുസ്ലീം ലീഗ് ലോയേഴ്സ് ഫോറത്തിലെ അബ്ദുൾ നാസറും തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ എക്സിക്യൂട്ടിവിലേക്ക് ലോയേഴ്സ് കോൺഗ്രസിലെ വി. വി. രവീന്ദ്രൻ, ബി. നാരായണൻ, സണ്ണി ജോർജ് എന്നിവരും തിരഞ്ഞെക്കപ്പെട്ടു. വനിത വിഭാഗത്തിലേക്ക് സിപിഐ സംഘടന ഐ.എ.എല്ലിലെ സീമയും ലോയേഴ്സ് കോൺഗ്രസിലെ ഫാത്തിമത്ത് റഹിയാനയും വിജയിച്ചു. സി.പിഎം അനുകൂല സംഘടന മൂന്ന് സീറ്റിലും സിപിഐ സംഘടന ഇന്ത്യൻ അസോസിയേറ്റ് ഓഫ് ലോയേഴ്സ് ഒന്ന് മുസ്ലീം ലീഗിൻ്റെ ലോയേഴ്സ് ഫോറം ഒരു സീറ്റിലും 10 എണ്ണത്തിൽ ലോയേഴ്സ് കോൺഗ്രസുമായിരുന്നു മൽസരരംഗത്തുണ്ടായത്. കോൺഗ്രസ് റിബലായി പി. ബാബുരാജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചെങ്കിലും വിജയിച്ചില്ല. രണ്ടാം സ്ഥാനം ലഭിച്ചു. ഇവിടെ ലോയേഴ്സ് പരിഷത്ത് മൂന്നാം സ്ഥാനത്തേക്ക് പോയി. സ്വതന്ത്രരായി മൽസരിച്ച വരും പരാജയപ്പെട്ടു. 265മെമ്പർമാർക്കാണ് വോട്ടുണ്ടായിരുന്നത്. 243 പേർ വോട്ട് ചെയ്തു. ഹോസ്ദുർഗ് ബാർ അസോസിയേഷനിൽ രാവിലെ 10 മുതൽ 5 മണി വരെയായിരുന്നുവോട്ടെടുപ്പ്. വോട്ടെണ്ണി ഫലം പുറത്ത് വരുമ്പോൾ രാത്രി 8.30 മണിയായി. മുൻവർഷം ലോയേഴ്സ് കോൺഗ്രസും ലോയേഴ്സ് യൂണിയനും വാശിയേറിയ പോരാട്ടം നടത്തിയിരുന്നു.ലോയേഴ്സ് കോൺഗ്രസിന്റെ പാനലിനായിരുന്നു വിജയം.ഇതിൽ നിന്നും വിഭിന്നമായാണ് ഇത്തവണ രണ്ട് സംഘടനകളും യോജിച്ച് മത്സരിച്ചത്. ലോയേഴ്സ്
യൂണിയനുമായി സഖ്യത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ലോയേഴ്സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് അഡ്വ.പി. മോഹനനെ സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് അഡ്വ. ബെന്നി സെബാസ്റ്റ്യൻ അറിയിച്ചിട്ടുണ്ട്.എന്നാൽ ലോയേഴ്സ് യൂണിയനുമായി ധാരണയുണ്ടാക്കിയതിന്റെ പേരിൽ നടപടിയെടുത്തപ്പോൾ ബിജെപി നേതൃത്വത്തിലുള്ള അഭിഭാഷക പരിഷത്ത് സ്ഥാനാർത്ഥികൾക്ക് വേണ്ടി ലോയേഴ്സ് കോൺഗ്രസിലുള്ള വർതന്നെ വോട്ട് പിടിച്ചതായും ആരോപണമുണ്ട്.
0 Comments