കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി ചികിൽസക്കിടെ മരിച്ച സംഭവത്തിൽ മൻസൂർ നഴ്സിംഗ് സ്കൂളിലെ വാർഡൻ ഓമനക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. പാണത്തൂര്‍ സ്വദേശി ചൈതന്യ ജീവനൊടുക്കിയ സംഭവത്തിൽ ആണ് നഴ്സിംഗ് സ്കൂൾ വാർഡനെതിരെ പ്രേരണ കുറ്റം ചുമത്തിയത്. ഹോസ്ദുർഗ് പൊലീസ് ഇത് സംബന്ധിച്ച് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും. കഴിഞ്ഞ വർഷം ഡിസംബര്‍ ഏഴിന് നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് വാർഡനെതിരെ നിസാര വകുപ്പിൽ ചൈതന്യയെ അസഭ്യം പറഞ്ഞതിന് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് മറ്റൊരു കേസും റജിസ്ട്രർ ചെയ്തു. ഈ കേസിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിൻ്റെ വകുപ്പുകൾ ചേർത്തത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നത ടക്കം ചൂണ്ടിക്കാട്ടി നഴ്സിങ് വിദ്യാർത്ഥിനികൾകഴിഞ്ഞ ദിവസം വീണ്ടും മൊഴി നൽകിയതോടെയാണ് പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്. ചൈതന്യയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വരുത്തി പൊലീസ് വീണ്ടും മൊഴിയെടുത്തിരുന്നു.
0 Comments