കാഞ്ഞങ്ങാട് : മദ്യം പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തിൽ രണ്ടുപ്രതികൾക്ക് കോടതി മൂന്നുവർഷം ഒരുമാസം തടവിനും 35,800 രൂപ വീതം പിഴശിക്ഷയും വിധിച്ചു. കളനാട് കൈനോത്തെ ഡി. ഉദയകുമാർ, ബന്ധുവായ ഡി.കെ. അജിത്ത് എന്നി വരെയാണ് ഹോസ്‌ദുർഗ് അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ട് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. പിഴത്തുകയിൽ നിന്ന് 25,000 രൂപ വീതം അക്രമിക്കപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരായ ബിജോയ്, പ്രദീപൻ എന്നിവർക്ക് നൽകാനും കോടതിഉത്തരവായി. പിഴയടച്ചില്ലെങ്കിൽ ആറുമാസവും 15 ദിവസവും പ്രതികൾ അധികതടവനുഭവിക്കണം. 2022 മെയ് ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. പ്രതികൾ കൈനോത്തെ വീടിന് സമീപം ഇരുചക്രവാഹനത്തിൽ മദ്യവിൽപ്പന നടത്തുന്നുവെന്ന വിവരമറിഞ്ഞാണ് എക്സൈ സ് സംഘമെത്തിയത്. തുടർന്ന് വീട്ടിലെ പട്ടിയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ കടിപ്പിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ബിജോയിക്ക് തലക്ക് സാരമായി പരുക്കേറ്റിരുന്നു. മേൽപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ എസ്.ഐ സി.വി. രാമചന്ദ്രനാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. പി. അജയകുമാർ ആണ് ഹാജരായത്.
1 Comments
പ്രതികളുടെ ഫോട്ടോ ഒന്നും കിട്ടിയില്ലേ വേറൊരു റിപ്പോർട്ടിൽ രണ്ടുവർഷം എന്നാണല്ലോ കാണുന്നത്
ReplyDelete