കാഞ്ഞങ്ങാട് : ദേശീയ പാതയിൽ നിർമ്മാണം പൂർത്തിയായ മേൽപ്പാലത്തിന് മുകളിൽ നിന്നും ഭാരമേറിയ റബർ കട്ട തലയിൽ വീണ് വഴിയാത്രക്കാരിയായ യുവതി ഗുരുതര നിലയിൽ. അജാനൂർ ചാലിങ്കാലിലെ ഗണേഷൻ്റെ ഭാര്യ സിന്ധു 44 വാണ് ഗുരുതരാവസ്ഥയിൽ സ്വകാര്യാശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ മാവുങ്കാലിലാണ് അപകടം. ചാലിങ്കാലിലെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും ബല്ല അത്തിക്കോത്തെ സ്വന്തം വീട്ടിലേക്ക് മകൻ ഷംജിത്തിനൊപ്പം 12 നടന്ന് പോകുന്നതിനിടെയാണ് അപകടം. മാവുങ്കാൽ ടൗണിൽ ബസിറങ്ങി മേൽപ്പാലത്തിനടിയിലൂടെ റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെയാണ് വലിയ ഉയരത്തിലുള്ള പാലത്തിന് മുകളിൽ നിന്നും 40 കിലോയോളം ഭാരമുള്ള റബർ കട്ട തലയിൽ വീണത്. ഇതോടെയുവതി അർദ്ധ അബോധാവസ്ഥയിൽ നിലത്തുവീണു. ഓടിക്കൂടിയ ആളുകൾ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തിനും ഷോൾഡറിനു മുൾപ്പെടെ പരിക്ക് പറ്റി. പല്ലുകൾ ഇളകി. മൂന്ന് മാസം കിടത്തി ചികിൽസ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാണത്തൂർ സംസ്ഥാന പാതക്ക് കുറുകെ മാവുങ്കാൽ ദേശീയ പാതയിൽ മേൽപ്പാലം ഏറെ കുറെ പൂർത്തിയായി വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. പാലത്തിൻ്റെ വശങ്ങളിലെ നിർമ്മാണ പ്രവർത്തിക്കിടെ ഉപയോഗിച്ച റബർബാൻ്റാണ് വഴി യാത്രക്കാരിയുടെ തലയിൽ വീണത്. ആശുപത്രി അധികൃതർ പരിക്ക് പറ്റിയ വിവരം പൊലീസിന് കൈമാറി. ഇതിനിടയിൽ കരാർ കമ്പനിയുടെ ബന്ധപ്പെട്ട ജീവനക്കാർ ആശുപത്രിയിലെത്തിയുവതിയുടെ ബന്ധുക്കളുമായി ചർച്ച നടത്തുന്നു.
0 Comments