കോഴിക്കോട് : കാസർകോട് നിന്നും കോഴിക്കോട് നഗരത്തിലേക്ക് വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് കാസർകോട് സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ജി.സി. ശ്രീജിത്ത് 30, ഉള്ളോടി ഹൗസിൽ കൃതി ഗുരുകെ 32, ഫാത്തിമ മൻസിൽ അഷ്റഫ് 37എന്നിവരെയാണ് കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച പിക്കപ്പ് വാനിൽനിന്നും വിൽപനക്ക് കൊണ്ടു വന്ന 20 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. മലാപ്പറമ്പ് ജംക്‌ഷനിൽ പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചതിൽ സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് കാസർകോട് ഭാഗത്ത് സ്റ്റോക്ക് ചെയ്ത ശേഷം പല സ്ഥലങ്ങളിലേക്കു വാഹനത്തിൽ എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതിയെന്നാണ് വിവരം. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായാണ് കഞ്ചാവ് കടത്ത്. പിടികൂടിയ കഞ്ചാവിന് എട്ട് ലക്ഷത്തോളം രൂപ വില വരും. കാസർകോട്ടേക്ക് കൂടി കോഴിക്കോട് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
0 Comments