കാസർകോട്: രണ്ടു വയസ്സുമാത്രം പ്രായം, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയിരിക്കുകയാണ് കുഞ്ഞ് ഹാദി. 2023 ജനുവരി 10ന് ജനിച്ച കാസർകോട് ഉളിയത്തടുക്ക എസ്.പി നഗറിലെ മുഹമ്മദ് ഐസിൻ ഹാദിയാണ് ഈനേട്ടം സ്വന്തമാക്കിയത്. ഒരുവയസ് കഴിയുമ്പോൾതന്നെ തന്റെ മാതാവിനോട് സംസാരിക്കാനും പലതും എന്താണ്, എങ്ങനെയാണ് എന്നത് ചോദിക്കാനും തുടങ്ങിയിരുന്നുവെന്ന് പറയുന്നു. എൽ.കെ.ജിയിൽ പഠിക്കുന്ന സഹോദരി അലീമ സാദിയ പഠിക്കുന്നത് ശ്രദ്ധിക്കുകയും അത് വളരെ പെട്ടെന്നുതന്നെ ഗ്രഹിച്ചെടുക്കുകയും ചെയ്തതോടുകൂടിയാണ് വീട്ടുകാർ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. കൂടാതെ, സഹോദരിയോടൊപ്പം ഇരുന്ന് വാക്കുകൾ പറയുന്നതും മനഃപാഠമാക്കുന്നതും ഉമ്മ വിഡിയോകളാക്കുമായിരുന്നു.
പത്ത് മൃഗങ്ങൾ, ആറു പഴങ്ങൾ, ആറു പച്ചക്കറികൾ, ആറു പഠനോപകരണങ്ങൾ, 13 വാഹനങ്ങൾ, 13 വിവിധ ഇനങ്ങൾ, ഒമ്പത് ഇലക്ട്രോണിക് വസ്തുക്കൾ, പത്ത് ഭക്ഷ്യവസ്തുക്കൾ എന്നിവ വളരെ പെട്ടെന്ന് തിരിച്ചറിയുകയും പറയുകയും ചെയ്തതിനാണ് മുഹമ്മദ് ഐസിൻ ഹാദിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേട്ടം ലഭിച്ചിരിക്കുന്നത്. മൗവ്വൽ പള്ളത്തിൽ ഖലീലിന്റേയും പെരിയടുക്കയിലെ അർഷാനയുടേയും മകനാണ് മുഹമ്മദ് ഐസിൻ ഹാദി. സഹോദരി: അലീമ സാദിയ.
0 Comments