കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപം ക്രഷർ മാനേജർ രവീന്ദ്രനെ തള്ളിചവിട്ടിയിട്ട ശേഷം തോക്ക് ചൂണ്ടി 10 ലക്ഷം കവർന്ന കേസിൽ റിമാൻ്റിലുള്ള നാല് പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, ആസാം സ്വദേശി ധനഞ്ജയ് ബോറ എന്നിവരെയാണ് കോടതി ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് ദിവസത്തേക്ക് മാത്രമെ പ്രതികളെ കസ്റ്റഡിയിലനുവദിച്ചുള്ളൂ. 15 ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കണം. കല്യാൺ റോഡിന് സമീപം ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ് റ്റോക്ക് യാർഡിൻ്റെ മാനേജർ കോഴിക്കോട് മരുതോം കര സ്വദേശി പി പി . രവീന്ദ്രനെ 56 ആക്രമിച്ച് പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപ കവർന്ന പ്രതികളാണ് വീണ്ടും പൊലീസ് കസ്റ്റഡിയിലായത്. നഷ്ടപ്പെട്ടതുകയിൽ ഏതാനും ആയിരങ്ങൾ ഒഴിച്ച് ബാക്കി തുക മുഴുവൻ അറസ്റ്റിലായ ഉടൻ പ്രതികളിൽ നിന്നും കണ്ടെടുത്തിരുന്നു, പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കളി തോക്ക് സംഭവ സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച റെ ൻ്റ് എ കാർ കൃത്യം നടന്ന പിറ്റേ ദിവസം തന്നെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയിരുന്നു. കർണാടക പൊലീസ് മംഗലാപുരത്ത് നിന്നും പ്രതികളെ പിടികൂടി ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. ക്രഷർ പൂട്ടി കല്യാൺ റോഡിലെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് നിൽക്കവെയായിരുന്നു സംഘം പണം കവർന്ന് രക്ഷപെട്ടത്. ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ് എന്നീ പ്രതികൾക്ക് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പ്രതികളുടെ ബന്ധുക്കൾ ബീഹാറിൽ ഹോസ്ദുർഗ് ബാറിലെ അഭിഭാഷകനെ ബന്ധപ്പെട്ടു. മറ്റൊരു പ്രതി അസാം സ്വദേശി ധനഞ്ജയ് ബോറയുടെ ബന്ധുക്കൾ അസാമിൽ നിന്നും കാഞ്ഞങ്ങാട്ടെത്തി അഭിഭാഷകനെ കണ്ടു.ധനഞ്ജയ് ബോറക്ക് വേണ്ടി അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇന്നലെയും ഇന്നു മായി പൊലീസ് പ്രതികളെ കൃത്യം നടന്ന സ്ഥലത്ത് ഉൾപെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
0 Comments