Ticker

6/recent/ticker-posts

പാലിൽ രുചി വ്യത്യാസം മിൽമ അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് :മിൽമ വിതരണം ചെയ്ത പാലിന് രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ലിറ്റർ പാൽ ഉപയോഗശൂന്യമായി. വിതരണം ചെയ്ത നിരവധി പാൽ പാക്കറ്റുകൾ തിരിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം മാവുങ്കാലിലെ ജില്ലാ ഡയറിയിൽ നിന്നും ജില്ലയുടെപല ഭാഗങ്ങളിലേക്കായി വിതരണം ചെയ്ത പാലിനാണ് രുചി വ്യത്യാസമുണ്ടായത്. മണ്ണെണ്ണയോ ഡീസലോ കലർന്നതുപോലുള്ള മണമാണ് ഉണ്ടായത്.അതേസമയം ഡയറിയിലേക്ക് എത്തിച്ച ഏതെങ്കിലും ടാങ്കറിൽ നിന്നായിരിക്കാം ഇവ കലർന്നതെന്നാണ് സംശയിക്കുന്നത്. സ്വകാര്യ വ്യക്തികളാണ് ഈ ചുമതല വഹിക്കുന്നത്.ഇവർ ടാങ്കർ കഴുകുന്നതിനിടെ അബദ്ധത്തിൽ ഡീസൽ കലർന്നതാകാനാണ് സാധ്യത.അതേസമയം പാലിൽ രാസ പദാർത്ഥങ്ങൾ കലരാൻ സാധ്യതയില്ലന്നാണ് മിൽമ അധികൃതർ പറയുന്നത്.വിശദമായ രാസ പരിശോധനയ്ക്ക് ശേഷമാണ് പാൽ പാക്കറ്റുകളാക്കുന്നത്.രാസവസ്തുക്കൾ കലർന്നിട്ടുണ്ടെങ്കിൽ പരിശോധനയിൽ കാണുമായിരുന്നുവെന്നും അധികൃതർ പറഞ്ഞു. രുചി വ്യത്യാസം വരാനുള്ള കാരണമാണ് ഇനി കണ്ടെത്താനുള്ളത് . ഒടയംചാൽ, കോടോത്ത്, പള്ളിക്കര, പൂച്ചക്കാട് ഭാഗങ്ങളിൽ നിന്നും വ്യാപകമായ പരാതിയുണ്ടായി. പൂച്ചക്കാട്ടെ ഹോട്ടലുടമ അഷറഫ്ഫുഡ് സേഫ്റ്റി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പള്ളിക്കരയിലെ കടയിൽ നിന്നും പാൽ വാങ്ങി പോയ ആൾ ചായക്ക് രുചി വ്യത്യാസമുണ്ടായതിനെ തുടർന്ന് കടയിലെത്തി ബഹളമുണ്ടാക്കി. മിൽമ അധികൃതരെ പലരും വിളിച്ച് പരാതി അറിയിച്ചിട്ടുണ്ട്. പാൽ കഴിച്ച പലർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളൊന്നു മുണ്ടായിട്ടില്ല. പാലിൽ വ്യാപകമായ രുചി വ്യത്യാസം കണ്ടതിനെ തുടർന്ന് ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി മിൽമ ഡയറക്ടർ പി. പി. നാരായണൻ പറഞ്ഞു. നേരത്തെ രാസ പരിശോധന നടന്നതിനാൽ പരിഭ്രാന്തി വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലബാർ മേഖല മിൽമ ചെയർമാൻ കെ എസ് മണി മാവുങ്കാൽ ജില്ലാ ഡയറി സന്ദർശിക്കുന്നുണ്ട്.

Reactions

Post a Comment

0 Comments