Ticker

6/recent/ticker-posts

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വീട്ടമ്മമാരെ കൈ പിടിച്ച് പുഷ്പ പ്രഭാകരൻ

കാഞ്ഞങ്ങാട് : 2010 ൽ മംഗലാപുരത്തുണ്ടായ വിമാനാപകടത്തിൽ ഭർത്താവ് പ്രഭാകരൻ മരണപ്പെട്ട ശേഷം ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാഞ്ഞങ്ങാട് സൗത്തിലെ പുഷ്പ പ്രഭാകരൻ അടുക്കളയിൽ മാത്രം തളക്കപ്പെട്ട ഒരു കൂട്ടം അമ്മമാരെ അരങ്ങത്തെത്തിക്കുന്നതിരക്കിലാണ്. ഷാർജയിൽ ബിസിനസുകാരനായിരുന്ന ഭർത്താവിനൊപ്പം ഷാർജയിൽ കുട്ടികൾക്ക് സംഗീതം പകർന്നു നൽകുകയായിരുന്നു. പത്ത് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ഭർത്താവ് വിമാനാപകടത്തിൽ മരിച്ചു. ഈ സമയം പുഷ്പ ഷാർജയിലായിരുന്നു. 24 വർഷം ഗൾഫിൽ കുട്ടികൾക്ക് സംഗീതം പകർന്ന ഈ 52കാരി ഇപ്പോൾ എട്ട് വർഷമായി കാഞ്ഞങ്ങാട്ടെ അമ്മമാർക്കും കുട്ടികൾക്കും സംഗീതം പകർന്നുനൽകുന്നു. അടുക്കളയിൽ നിന്നും 20 വീട്ടമ്മമാരെ സംഗീത കച്ചേരി അഭ്യസിപ്പിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ സംഗീതാർച്ചന നടത്തി കഴിഞ്ഞു. ചെറിയ ഫീസ് മാത്രം ഈടാക്കി വീട്ടിലും ഓൺലൈനിലും 60 ഓളം സ്ത്രികൾക്ക് സംഗീതം അഭ്യസിപ്പിക്കുന്നുണ്ട്. 4 വയസ് മുതൽ 78 വയസുള്ള അമ്മമാർ വരെ സംഗീത കച്ചേരി അഭ്യസിക്കാനെത്തുന്നുണ്ട്. വീട്ടിനുള്ളിൽ തളക്കപ്പെട്ട സ്ത്രീകൾക്ക് മനസിന് എന്തെന്നില്ലാത്ത അനുഭൂതിയാണ് ഇത് വഴി ലഭിക്കുന്നതെന്ന് പുഷ്പ പറയുന്നു. അടുക്കള ജോലിക്കിടയിൽ പാട്ട് പാടിയ പുഷ്പ സോഷ്യൽ മീഡിയയിൽ താരമായിട്ടുണ്ട്. സിനിമ നടനായ മകൻ സ്വാതി ദാസ് പ്രഭു 12 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. മകൾ സരലയ പിജി വിദ്യാർത്ഥിനിയാണ്. അഛൻ കേളു ഭാഗവതരിൽ നിന്നും കുഞ്ഞ് നാൾ മുതൽ സംഗീതം അഭ്യസിച്ചു. ഈ വനിത ദിനത്തിൽ പുഷ്പ പ്രഭാകരനും ആദരിക്കപ്പെടുന്നു.

Reactions

Post a Comment

0 Comments