കാഞ്ഞങ്ങാട്: ക്രഷർ മാനേജർ രവീന്ദ്രനെ തള്ളിയിട്ട് പണവുമായി രക്ഷപ്പെട്ടവരെ പിടികൂടാൻ സഹായകമായത് പ്രതികൾ സഞ്ചരിച്ച വാഗണർ കാർ. കൊള്ള സംഘം ഷർട്ടിൽ അമർത്തി പിടിച്ച് തള്ളിയിട്ട സമയം ഭയന്ന് വിറച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്ന രവീന്ദ്രൻ, പൊലീസിൻ്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് തൻ്റെ കൺമുന്നിലൂടെ മിന്നായം പോലെ ഒരു കാർ പോയിരുന്നോ എന്ന സംശയം പ്രകടിപ്പിച്ചത്. കാർ കുറെ ദൂരം നിർത്തിയിട്ട് തകരാറിലെന്ന വ്യാജേന ബോണറ്റ് ഉയർത്തി വെച്ചിരുന്നു. സംഘം നടന്ന് വന്നാണ് കൃത്യം നടത്തിയതെന്നതിനാൽ രവീന്ദ്രൻ കാറിനെ കണ്ടിരുന്നില്ല. വീണ് കിടക്കുന്നതിനിടയിലാണ് തനിക്ക് മുന്നിലൂടെ കാർ പോയിരുന്നോ എന്ന സംശയമുണ്ടായത്. പട്ടാപകൽ ഇത്തരമൊരു കൊള്ളനടന്നത് വിശ്വസിക്കാൻ സ്ഥലത്തെത്തിയ പൊലീസ് സംഘം തെല്ലൊന്ന് സംശയിച്ചു. കാറിനെ കുറിച്ച് വിവരം ലഭിച്ച ഉടൻ പൊലീസ് മുത്തപ്പൻ തറയിലെ റെന്റ് എ കാർ സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ എറണാകുളം രജിസ്ട്രേഷൻ ഉള്ള വാഗണർ കാർ ഒന്നിൽ കൂടുതൽ തവണ ഇതുവഴി പോയത് കണ്ടെത്തി. എറണാകുളത്തെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്നും വാടകയ്ക്ക് എടുത്ത കാരാണെന്ന് വിവരം ലഭിച്ചതോടെ അവരുമായി ബന്ധപ്പെട്ടു. ബീഹാർ സ്വദേശികളാണ് കാർ വാടകയ്ക്ക് എടുത്തതെന്ന വിവരവും ലഭിച്ചു. കാറിന് ജിപിഎസ് സംവിധാനം ഉള്ളതിനാൽ എറണാകുളത്തെ ഉടമകളുടെ സഹായത്തോടെ കാറിന്റെ ലൊക്കേഷൻ കണ്ടെത്തി.അപ്പോഴാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാർ നിർത്തിയിട്ട നിലയിൽ കണ്ടത്. ഇവർ ധരിച്ച വസ്ത്രം കാറിനകത്തു ഉപേക്ഷിച്ച് മറ്റൊരു വസ്ത്രം ധരിച്ചാണ് പോയതെന്നും വ്യക്തമായി.പിന്നാലെ ഈ സമയത്ത് വന്ന രണ്ട് ട്രെയിനുകൾ കേന്ദ്രീകരിച്ചായി പൊലീസ് അന്വേഷണം .നേത്രാവതി ട്രെയിനിൽ കയറി കങ്കനാടി ജംഗ്ഷനിൽ രാത്രി 10.30 ന് ഇറങ്ങി.ഭക്ഷണം കഴിച്ചതിനു ശേഷം പ്രതികൾ മുറി വാടകയ്ക്ക് എടുക്കാൻ പോകുന്ന സമയത്താണ് കേരള പൊലീസ് നൽകിയ വിവരം വച്ച് പ്രതികൾ കങ്കനാടി പൊലീസിൻ്റെ പിടിയിലാകുന്നത്. അന്നെ ദിവസം രാത്രി മംഗലാപുരത്ത് ഹോട്ടൽ മുറിയിൽ തങ്ങിയ ശേഷം പിറ്റേ ദിവസം രാവിലെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട കാർ എടുത്ത് എറണാകുളത്തേക്ക് തിരിക്കാനും കാർ ഏൽപ്പിച്ച് ബീഹാറിലേക്ക് കടക്കാനുമായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. പൊലീസിൻ്റെ നീക്കമൊന്ന് പാളിയിരുന്നുവെങ്കിൽ പ്രതികൾ കേരളം വിടുമായിരുന്നു. ക്രഷറിൽ ജോലി ചെയ്ത് വന്ന ആ സാം സ്വദേശിയായ പ്രതിയാണ് കൊള്ളനടത്തേണ്ട കൃത്യമായ ഓപ്പറേഷൻ മറ്റ് പ്രതികൾക്ക് നൽകിയത്. എറണാകുളത്ത് നിന്നും രണ്ട് ദിവസത്തേക്കാണ് പ്രതികൾ കാർ വാടകക്കെടുത്തത്. ഒൻപതിനായിരം രൂപ വാടക മുൻകൂട്ടി നൽകിയിരുന്നു. കൊള്ളനടത്താൻ വേണ്ടി മാത്രമായിരുന്നു പ്രതികൾ കാറുമായി കാഞ്ഞങ്ങാട്ടെത്തിയത്. രവീന്ദ്രൻ സ്ഥിരമായി പണവുമായി പോകുന്ന സമയമടക്കം കൃത്യമായ വിവരം ക്രഷറിയിൽ ജോലി ചെയ്ത് വന്ന പ്രതിമറ്റ് പ്രതികൾക്ക് നൽകി. എല്ലാ ദിവസവും വൈകീട്ട് പണവുമായി ഒരേ ഓട്ടോ വിളിച്ചാണ് താമസ സ്ഥലത്ത് എത്താറ്. കഴിഞ്ഞ ദിവസവും ഇതേ ഓട്ടോയെ കാത്ത് നിൽക്കവെ മകനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഘം പണം കൊള്ളയടിച്ചത്. കൊള്ളനടന്ന സ്ഥലത്തെത്തിയ പൊലീസിന് മുന്നിൽ നാല് സാധ്യത കളായിരുന്നു ഉണ്ടായിരുന്നത്. പരാതിക്കാരൻ പറയുന്നത് സത്യമാണോ എന്ന് തെളിയിക്കലായിരുന്നു ഒന്ന്. രവീന്ദ്രൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ മറ്റ് സാധ്യത കളെ കുറിച്ചായി അന്വേഷണം. രവീന്ദ്രനെ അറിയുന്നവർ ആരെങ്കിലുമാകാം എന്നതായിരുന്നു മറ്റൊരു സംശയം. ക്രഷറിയിൽ സാധനങ്ങൾ എടുക്കാൻ വന്ന ഏതെങ്കിലും വാഹനത്തിലെ ആളുകളാണോ എന്ന സംശയമായിരുന്നു മറ്റൊന്ന്. ക്രഷറിയിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാകാമെന്നതായിരുന്നു നാലാമത്തെ സംശയം. കാറിൻ്റെയും ഫോൺ നമ്പറും ലഭിച്ചതോടെയാണ് നാലാമതായി പൊലീസ് സംശയിച്ച കാര്യത്തിലേക്ക് അന്വേഷണമെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തും വാർത്ത സമ്മേളനത്തിൽ പ്രതികൾ പിടിയിലായത് സംബന്ധിച്ച് വിശദീകരിച്ചു. പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായത് കാസർകോട് പൊലീസിന് ആശ്വാസമായി.
0 Comments