Ticker

6/recent/ticker-posts

ആര്‍ടിഎ യോ​ഗം ഇന്ന് ബസ് യാത്രാ നിരക്കിൽ മാറ്റം വന്നേക്കും

കാഞ്ഞങ്ങാട് :കൊന്നക്കാട്, കാലിച്ചാനടുക്കം ഉൾപ്പെടെ മലയോര​ റൂട്ടിലെ ബസ് ചാര്‍ജ് കുറവ് വരുത്തുന്ന വിഷയം ബുധനാഴ്ച കലക്ടര്‍ കെ. ഇമ്പശേഖറിൻ്റെ സാനിധ്യത്തിൽ ചേരുന്ന ആര്‍ടിഎ യോ​ഗം പരി​ഗണിക്കും. കാഞ്ഞങ്ങാട്, മാവുങ്കാൽ, ഒടയംചാൽ, കൊന്നക്കാട് റൂട്ടിലെയും ഏഴാംമൈൽ , കാലിച്ചാനടുക്കം റൂട്ടിലെയും അശാസ്ത്രീയ ഫെയര്‍സ്റ്റേജുകളാണ് പരിഷ്കരിക്കുന്നത്. ബസുടമകളുടെ ആവശ്യപ്രകാരം പാണത്തൂര്‍ റൂട്ടിലെ സ്റ്റേജും പുനക്രമീകരിക്കും. മലയോരത്തേക്കുള്ള സ്വകാര്യ ബസുകളിൽ മാത്രം കിഴക്കുംകരയിൽ സ്റ്റേജ് ഉണ്ടെന്ന് പറഞ്ഞ് പണം വാങ്ങുന്നെന്നും 1974ൽ നിശ്ചയിച്ച ഫെയര്‍സ്റ്റേജ് ലിസ്റ്റിൽ കിഴക്കുംകര ഇല്ലെന്നും ആരോപിച്ച് വിവരാവകാശ രേഖകൾ സഹിതം നാട്ടുകാര്‍ മോട്ടോര്‍വാഹന വകുപ്പിൽ പരാതിപ്പെട്ടിരുന്നു. സപ്തംബര്‍ മാസത്തിൽ മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കാൻ തുടങ്ങി. ഇതോടെ ബസുടമകളുടെ സംഘടന ആർടിഒയെ സമീപിച്ച് തത്കാലം നിയമനടപടി സ്വീകരിക്കരുതെന്നും ഫെയര്‍സ്റ്റേജ് പരിഷ്കരിക്കുംവരെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കാഞ്ഞങ്ങാട് വകുപ്പ് റൂട്ടുകൾ അളന്നു. ഇതിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിക്കുക. കിഴക്കുംകരയിൽ സ്റ്റേജ് അനുവദിക്കാനായി ഉടമകളുടെ അഭിഭാഷകൻ യോഗത്തിൽ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. മാവുങ്കാൽ മുതൽ മലയോരത്തേക്കുള്ള ഓരോ സ്ഥലത്തേക്കും നിരക്കിൽ വ്യത്യാസമുണ്ടാകും. കാഞ്ഞങ്ങാട് നിന്ന് മാവുങ്കാൽ വഴി മടിക്കൈയിലേക്കുള്ള റൂട്ടിൽ മാവുങ്കാൽ സ്റ്റേജ് ഒഴിവാക്കി പുതിയകണ്ടം നിശ്ചയിക്കാൻ എംവിഐമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ നിയമം പറയുന്നത് സ്ഥലങ്ങളുടെ പ്രാധാന്യം നോക്കി സ്റ്റേജ് നിർണയിക്കാനാണെന്നു പറഞ്ഞാണ് ആ ശുപാർശ യോഗം തള്ളിയത്. ഇത് മലയോര റൂട്ടിലും ബാധകമാകും. കാസർകോട് ഭാഗത്തേക്കും മാവുങ്കാലിലേ സ്റ്റേജുള്ളൂ. ശരാശരി 2.5 കിലോമീറ്ററിന് സ്റ്റേജ് നിർണയിക്കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡ് വരെ 2.2 കിലോമീറ്റർ ദൂരമേയുള്ളൂ. കിഴക്കുംകര വരെ എത്തുമ്പോഴും 4 കിലോമീറ്റർ തികയില്ല. പുതിയകണ്ടം വരെ 4.9 കിലോമീറ്റർ മാത്രമേയുള്ളൂ. ആദ്യത്തെ രണ്ട് സ്റ്റേജുകളിലും മിനിമം ദൂരം സഞ്ചരിക്കാൻ പറ്റാത്ത വിധം സ്റ്റേജ് നിർണയിക്കേണ്ട ആവശ്യമില്ലെന്നും മാവുങ്കാൽ സ്റ്റേജ് ഒഴിവാക്കാൻ അധികൃതർ കൂട്ടുനിൽക്കില്ലെന്നുമാണ് പ്രതീക്ഷയെന്നും പരാതിക്കാർ പറയുന്നു. പരിഷ്കരണത്തോടെ കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിൽ അഞ്ച് രൂപയുടെ കുറവുണ്ടാകുമെന്ന് പരാതിക്കാർ പറയുന്നു. കാലിച്ചാനടുക്കത്ത് നിന്ന് ഏഴാംമൈലിലേക്കുള്ള യാത്രക്കാര്‍ക്കും നിരക്കിൽ വ്യത്യാസമുണ്ടാകും. ഒടയംചാൽ മുതൽ കാഞ്ഞങ്ങാട് ഭാ​ഗത്തേക്കും കുറവുണ്ടാവുമെന്നാണ് കരുതുന്നത്. നിലവിൽ പാണത്തൂര്‍, പേരിയ, കൊന്നക്കാട് റൂട്ടുകളിലെ സ്ഥിരമായി സഞ്ചരിക്കുന്ന ബസ് യാത്രക്കാർക്ക് നിരക്ക് കുറഞ്ഞാൽ അത് വലിയ ആശ്വാസമായും . ഫെയര്‍സ്റ്റേജിലെ അശാസ്ത്രീയത മാറ്റിയാൽ ഈ റൂട്ടുകളിൽ ചെറിയ ദൂരം സഞ്ചരിക്കുന്നവരുടെ യാത്രാചെലവും കുറയും. യോഗ തീരുമാനം ഒരു മാസത്തിനകം നടപ്പിൽ വരും.

Reactions

Post a Comment

0 Comments