കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് പൂഴികടത്തി കൊണ്ട് പോവുകയായിരുന്ന ടിപ്പർ ലോറി പൊലീസ് വാഹനത്തിൽ ഇടിപ്പിച്ച് പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമം. ഹോസ്ദുർഗ് പൊലീസിൻ്റെ കൺട്രോൾ റൂമിലെ ജീപ്പിനാണ് ടിപ്പർ ലോറി ഇടിപ്പിച്ചത്. ഇന്ന് പുലർച്ചെ വെള്ളിക്കോത്ത് റോഡിൽ കിഴക്കും കരക്ക് സമീപമാണ് സംഭവം. പരിക്കേറ്റ കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫീസർ തുളുച്ചേരി അശോകനെ 45 ഇടതു കൈ ഷോൾഡറിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൈറ്റ് പട്രോളിങ്ങി നിടെ അനധികൃതമായി പൂഴികടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് പുലർച്ചെ 1.40ന് കൺട്രോൾ റൂം വാഹനത്തിൽ പൊലീസുകാർ കിഴക്കും കരയിലെത്തിയത്. വെള്ളിക്കോത്ത് ഭാഗത്ത് നിന്നും ഓടിച്ചു വന്നടിപ്പർ നിർത്തിക്കാനായി പൊലീസുകാർ ജീപ്പിൽ നിന്നും ഇറങ്ങവെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പൊലീസ് വാഹനത്തിൻ്റെ ഇടത് ഭാഗത്ത് ഇടിപ്പിച്ച ശേഷം കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നുവെന്നാണ് പരാതി. വാഹനത്തിന് കേട് പാടുകൾ സംഭവിച്ചു. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ വടകര മുക്കിലെ ഇർഫാൻ, ക്ലീനർക്കുമെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
0 Comments