പയ്യന്നൂർ :
നവജാത ശിശുവിൻ്റെ കാലിൽ നിന്നും സിറിഞ്ചിൻ്റെ നീഡിൽ കണ്ടെത്തിയെന്ന പരാതിയിൽ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർക്കും നഴ്സിംഗ് സ്റ്റാഫുകൾക്കെതിരെയും പരിയാരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പെരിങ്ങോം സ്വദേശി ടി.വി. ശ്രീജുവിൻ്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഡിസംബർ 24 ന് ജനിച്ച പെൺകുട്ടിക്ക് പിറ്റേന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ഇഞ്ചക്ഷനും നൽകിയതിനെ തുടർന്ന് കാലിന് പഴുപ്പും വേദനയും അസഹ്യമായി ഈ മാസം 18 ന് പയ്യന്നൂരിലെ ആശുപതിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ 3 .7 സെൻ്റീമീറ്റർ നീളമുള്ള സിറിഞ്ചിൻ്റെ നീഡിൽ കുട്ടിക്ക് ഇഞ്ചക്ഷനെടുത്ത കാലിൽ കണ്ടെത്തി നീക്കം ചെയ്തെന്ന പരാതിയിലാണ് കേസ്'.24 ദിവസത്തോളം നീഡിൽ കാലിലുണ്ടായത് മൂലം കുഞ്ഞിന് ശാരീരിക അവശതകൾ വന്നതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും ഗുരുതരമായ അനാസ്ഥ മൂലമാണിങ്ങനെ സംഭവിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കി.
0 Comments