Ticker

6/recent/ticker-posts

അയ്യപ്പ ഭക്തൻ്റെ ഇരു മുടി കെട്ടിൽ കള്ളനോട്ട് തിരുകി വെച്ചു സിനിമകഥയെ വെല്ലുന്ന അന്വേഷണങ്ങൾക്കൊടുവിൽ പ്രതിയെ കുടുക്കി പൊലീസ്

കാഞ്ഞങ്ങാട് : കുറ്റം തെളിയിക്കാൻ പൊലീസ് പലതരം അടവുകൾ പയറ്റാറുണ്ട്. അയ്യപ്പ ഭക്തൻ്റെ ഇരു മുടിക്കെട്ടിൽ കള്ളനോട്ട് വെച്ച പ്രതിയെ പിടിക്കാൻ പൊലീസ് കണ്ടെത്തിയ ഉപായം ഒരു വീഡിയോ ഉണ്ടാക്കുക എന്നതായിരുന്നു. സിനിമകഥയെ വെല്ലുന്ന അന്വേഷണങ്ങൾക്കൊടുവിൽ കള്ളനോട്ട് കേസിൽ നിരപരാധിയെ  രക്ഷിച്ച പൊലീസ് യഥാർത്ഥ പ്രതിയെ വലയിലാക്കി. കളനാട് ബാലഗോപാല ക്ഷേത്രത്തിന് സമീപം വാടക വീട്ടിലെ കിഷോർ കുമാർ 4 2 ഒടുവിൽ അറസ്റ്റിലായി. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻ്റ് ചെയ്തു. കഴിഞ്ഞ 6 ന് പാലക്കുന്നിലെ മൊബൈൽ കടയിൽ എരോലിലെ വിനോദ്, ഫോണിൻ്റെ ഡിസ്പ്ലെ മാറി പണം നൽകിയിരുന്നു. ഇതിൽ 500 ൻ്റെ നാല് കള്ളനോട്ടുകൾ കണ്ടെത്തിയതോടെ വിനോദ് കേസിൽ പ്രതിയായി പുലിവാല് പിടിച്ചു. വിനോദിൻ്റെ നിരപരാധിത്വം മനസിലാക്കിയ പൊലീസ് അന്വേഷണം വിപുലീകരിച്ചു. അന്വേഷണം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള സകോക്ക് ടീം  ഏറ്റെടുത്തു. ആഴ്ചകൾക്ക് മുൻപ് മൂന്ന് പേർക്കൊപ്പം വിനോദ് കാൽ നടയായി ശബരിമലയിലേക്ക് പോയിരുന്നതായി പൊലീസ് മനസിലാക്കി. മലയിൽ നിന്നും തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞാണ് കടയിൽ കള്ളനോട്ട് നൽകിയതെന്നും മനസിലാക്കി. മലക്ക് പോകും മുൻപ് ഉദുമയിലെ ബാങ്കിൽ നിന്നും പതിനായിരം രൂപ പിൻവലിച്ചിരുന്നതായി വിനോദ് പറഞ്ഞു. പൊലിസ് ബാങ്കിലെത്തി സി.സി.ടി.വി ക്യാമറ പരിശോധിച്ചതിൽ വിനോദിന് ബാങ്കിൽ നിന്നും നൽകിയത് കള്ളനോട്ടെല്ലന്ന് മനസിലാക്കി. തുടർന്നുള്ള പൊലീസിൻ്റെ അന്വേഷണം ശബരിമലയിലേക്കുള്ള വഴിയെയായി. വിനോദിനൊപ്പം മലക്ക് പോയ വരെ കുറിച്ചായിരുന്നു അന്വേഷണം. ഇവരെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും കൈമലർത്തി. ഇതിനിടയിലാണ് സുപ്രധാനമായ വിവരം ലഭിക്കുന്നത്. നാല് മാസം മുൻപ് ചെർക്കളയിൽ നിന്നും മംഗലാപുരം സിറ്റി ക്രൈം ബ്രാഞ്ച് 500 ൻ്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ അറസ്റ്റിലായ മല്ലംസ്വദേശി വിനോദിൻ്റെ സഹോദരിയുടെ ഭർത്താവാണ് എരോലിലെ വിനോദിനൊപ്പം ശബരിമലയിലേക്ക് യാത്ര ചെയ്ത കിഷോർ കുമാറെന്ന വിവരമായിരുന്നു ലഭിച്ചത്. തുടർന്ന് കിഷോർ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കിഷോർ കുമാർ ഒന്നും പറഞ്ഞില്ല. അന്വേഷണ സംഘത്തിലുണ്ടായിരുന്ന മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി. പ്രമോദ്, പമ്പയിൽ ഡ്യൂട്ടി ചെയ്തിരുന്ന സഹപ്രവർത്തകനെ വിളിച്ച് കിഷോർ കുമാറും വിനോദ് കുമാറും വിശ്രമിച്ചതായി പറഞ്ഞ സ്ഥലത്തെ വീഡിയോ ചിത്രീകരിപ്പിച്ചു. പ്രസ്തുത വീഡിയോ കാട്ടി വിനോദിൻ്റെ ഭാണ്ഡ

ക്കെട്ടിൽ നിന്നും ഒറിജിനൽ പണം മാറ്റികള്ളനോട്ട് വെക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യമുള്ളതായി പൊലീസ് കിഷോർ കുമാറിനോട് പറഞ്ഞു . ഇത് വിശ്വസിച്ച കിഷോർ കുമാർ കുറ്റം ഏറ്റ് പറയുകയായിന്നു. മറ്റുള്ളവർ പ്രാർത്ഥനക്ക് പോയപ്പോൾ പമ്പയിൽ വെച്ച് വിനോദിൻ്റെ ഇരു മുടിക്കെട്ടിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടിൽ ഏഴ് 500 ൻ്റെ കള്ളനോട്ടുകൾ തിരുകി കയറ്റി ഒറിജിനൽ എടുക്കുകയായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കൊളത്തൂരിലെ പ്രിയേഷിനൊപ്പം മംഗലാപുരം പൊലീസിൻ്റെ പിടിയിലായ വിനോദ്, കിഷോർ കുമാറിൻ്റെ ഭാര്യാ സഹോദരനെന്നറിഞ്ഞു പൊലീസ് കിഷോറിൻ്റെ വീട്ടിലും വിനോദിൻ്റെ മല്ലത്തെ വീട്ടിലും റെയിഡ് നടത്തി. കള്ളനോട്ടുകളും അച്ചടിമെഷീനു മുണ്ടെന്ന സംശയത്തിലായിരുന്നു പരിശോധന. മല്ലത്തെ വിനോദിൻ്റെ അമ്മയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കള്ളനോട്ടുകളും കള്ളനോട്ട് പ്രിൻ്റിംഗിൻ്റെ ചില ഭാഗങ്ങൾ കക്കൂസ് ടാങ്കിലിട്ടതായി പറഞ്ഞു. ഇതേ തുടർന്ന് കക്കൂസ് ടാങ്ക് തുറന്ന് പരിശോധിച്ചു. കള്ളനോട്ടുകൾ ടാങ്കിൽ ദ്രവിച്ച് പോയെങ്കിലും പ്രിൻ്റിംഗ് മെഷീൻ്റെ ഭാഗങ്ങൾകക്കൂസ് ടാങ്കിൽ നിന്നും കണ്ടെടുത്തു. പ്രതി വൻ തോതിൽ കള്ളനോട്ടുകൾ വിതരണം ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത് . വിനോദ് മല്ലത്തെ ബേക്കലിലെ കേസിൽ പ്രതി ചേർക്കുമെന്ന്പൊലീസ് പറഞ്ഞു . പൊലീസിൻ്റെ മികച്ച അന്വേഷണത്തിൽ നിരപരാധിയെ രക്ഷപ്പെടുത്താനും യഥാർത്ഥ പ്രതിയെ പിടികൂടാനും സാധിച്ചു. സീനിയർ സിവിൽ ഓഫീസർ പി. പ്രമോദ് മുഴുവൻ സമയവും അന്വേഷണത്തിൻ്റെ ഭാഗമായപ്പോൾ ബേക്കൽ സ്റ്റേഷനിലെ എസ്.ഐ മാരായമനോജ് കൊട്രച്ചാൽ, ബാവ അക്കരക്കാരൻ, സതീശൻ വനിതാ പൊലീസുകാരായ ഷൈലജ, പത്മ ഡ്രൈവർ സജീഷ് എന്നിവർ വിവിധ ഘട്ടങ്ങളിൽ അന്വേഷണത്തിൻ്റെ ഭാഗമായി.

Reactions

Post a Comment

0 Comments