കാഞ്ഞങ്ങാട് : മാവുങ്കാൽ ആനന്ദാശ്രമം നിർമ്മിതി കേന്ദ്രം വളപ്പിൽ കാട്ടി നകത്ത് വാഹന ക്കൂമ്പാരങ്ങൾ. ഹോസ്ദുർഗ് പൊലീസ് വിവിധ കേസുകളിലായി പിടികൂടി സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ലാതായതോടെ പത്ത് വർഷം മുൻപ് നിർമ്മിതി കേന്ദ്രം വളപ്പിലേക്ക് മാറ്റിയതാണ് വാഹനങ്ങൾ . പിന്നിട് ഈ പ്രദേശം കാട് വളർന്ന് നൂറ് കണക്കിന് വാഹനങ്ങൾ ഇതിനകത്തായി . ലോറി, കാർ, ടെമ്പോ, ഓട്ടോറിക്ഷ, മോട്ടോർ ബൈക്കുകൾ, ജീപ്പ് ഉൾപ്പെടെ വിവിധ തരം വാഹനങ്ങൾ ഉണ്ട്. ഏറെക്കുറെ മിക്കവാഹനങ്ങളും തുരുമ്പ് വിഴുങ്ങി നശിച്ച നിലയിലാണ്. സംരക്ഷണമില്ലാതെ കിടക്കുന്ന വാഹനങ്ങളിൽ നിന്നും എഞ്ചിൻ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകാനുള്ള സാധ്യതയുമുണ്ട്. അനധികൃതമായി പൂഴികടത്തുന്നതിനിടെ പിടികൂടിയ നിരവധി ടിപ്പർ ലോറികളുമുണ്ട്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പ് നിറഞ്ഞ തോടെ പിടികൂടുന്ന വാഹനങ്ങൾ പിന്നീട് സ്റ്റേഷന് മുന്നിൽ റോഡരികിലും ഗവ. റസ്റ്റ് ഹൗസിന് മുന്നിലെ റോഡരികിലുമായി നിർത്തിയിട്ടു. തീരദേശ റോഡിലേക്കുള്ള ഗതാഗതത്തിന് ഭീഷണിയാവുകയും പരാതി വ്യാപകമായതോടെയാണ് നിർമ്മിതി കേന്ദ്രം വളപ്പിലേക്ക് മാറ്റിയത്. ഇതിന് ശേഷം ഉണ്ടായ കേസുകളിൽ ഉൾപ്പെട്ട നൂറ് കണക്കിന് വാഹനങ്ങൾ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിലും റോഡരികിലുമായി ഇപ്പോഴുമുണ്ട്. ഇരു ചക്രവാഹനങ്ങളാണ് സ്റ്റേഷൻ വളപ്പിൽ ഏറെയുമുള്ളത്. കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാൻ ഇടക്കാലത്ത് നടപടിയുണ്ടാവുകയും ചില വാഹനങ്ങൾ ലേലത്തിൽ വിറ്റ് പോവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ലേല നടപടി മുടങ്ങി. കോടതി നടപടികൾ കേസിൽ വർഷങ്ങളായി നിണ്ട് പോകുന്നതും വാഹനങ്ങൾ തുരുമ്പെടുക്കുന്നതിന് കാരണമാകുന്നു. ബേക്കൽ , അമ്പലത്തറ, രാജപുരം,നീലേശ്വരം, ചിറ്റാരിക്കാൽ, ചീമേനി, ചന്തേര, വെള്ളരിക്കുണ്ട്, മേൽപ്പറമ്പ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലും നൂറ് കണക്കിന് വാഹനങ്ങൾ തുരുമ്പെടുത്ത അവസ്ഥയിലാണ്.
0 Comments